67 മത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് വീണ്ടും മലയാളത്തിലേക്ക്. അവാർഡുകൾ വാരി കൂട്ടി ലാലേട്ടൻ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’

സംസ്ഥാന അവാർഡുകൾക്ക് പുറമെ ദേശീയ പുരസ്കാരങ്ങളും വാരി കൂട്ടി മലയാള സിനിമക്ക് അഭിമാനമായി മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. അറുപത്തിയേഴാമത്‌ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ആണ്.

മികച്ച വി എഫ് എക്സിനുള്ള പുരസ്‌കാരം ഈ ചിത്രത്തിലൂടെ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ കരസ്ഥമാക്കി. ചിത്രത്തിലെ മനോഹരമായ വസ്ത്രങ്ങൾ ഒരുക്കിയതിനു സുജിത് സുധാകരൻ, വി സായ് എന്നിവർ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിനു അർഹരായി.

അറുപത്തിയേഴു വർഷത്തെ ചരിത്രത്തിൽ പന്ത്രണ്ടാമത്തെ തവണയാണ് ഒരു മലയാളം സിനിമ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി മാറിയിരിക്കുന്നത്. മികച്ച വി എഫ് എക്‌സ്, നൃത്ത സംവിധാനം, ഡബ്ബിങ് എന്നീ മൂന്നു സംസ്ഥാന അവാർഡുകളാണ് മരക്കാർ നേടിയത്.

ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രത്തിൽ ബൊളിവുഡ് നടൻ സുനിൽ ഷെട്ടി,അർജുൻ,പ്രഭു,മഞ്ജു വാരിയർ,കീർത്തി സുരേഷ്,മുകേഷ്,കല്യാണി പ്രിയദർശൻ,സിദ്ദിഖ്,നെടുമുടി വേണു തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നു.

കോവിഡ് പ്രതിസന്ധി കൊണ്ടുള്ള പ്രശ്നങ്ങൾ നീങ്ങിയാൽ മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം ഈ വർഷം മേയ് 13 നു ലോകം മുഴുവനും റിലീസ് ചെയ്യും. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് തുടങ്ങിയ അഞ്ചു ഭാഷകളിൽ ആണ് മരക്കാർ റിലീസ് ചെയ്യാൻ പോകുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്‌സ്, ഓവർസീസ് റൈറ്റ്‌സ്, സാറ്റലൈറ്റ് റൈറ്റ്‌സ്, ഡിജിറ്റൽ റൈറ്റ്‌സ് എന്നിവയെല്ലാം നേടിയ ചിത്രം കൂടിയാണ് മരക്കാർ.

Related posts