1995 ൽ ജഗദിയും ഇന്നസെന്റും പ്രധാന കഥപാത്രങ്ങളായെത്തിയ ‘പൈ ബ്രദേഴ്സ്’ എന്ന സിനിമയിലൂടെ ബാല താരമായെത്തിയ ആയില്യ നായർ എന്ന അനന്യ മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് ഗോപാലകൃഷ്ണൻ നായരുടെ മകളാണ്.ബാലതാരമായി സിനിമയിൽ എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറി.മലയാളത്തിന് പുറമെ തമിഴിലും ശക്തമായ സാന്നിധ്യമായിരുന്നു അനന്യ.
ബാലതാരമായെത്തിയ അനന്യ മുതിർന്നർന്നപ്പോൾ ടെലിവിഷൻ ഷോകളിൽ അവതാരകയായി. സ്റ്റാർ വാർ എന്ന പരിപാടിയുടെ അവതരണത്തിലൂടെ അനന്യ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അഞ്ചോളം ചിത്രങ്ങളിലേക്കുള്ള നായികാ ക്ഷണം നിരസിച്ച അനന്യ 2008 ലാണ് നായികയായി അഭിനയിക്കുന്നത്. ‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി താരം നായികയായി എത്തിയത്. തന്റെ രണ്ടാമത്തെ സിനിമയായ തമിഴിലെ ‘നാടോടികൾ’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധനേടുകയും അനന്യയെ വളരെ അധികം പ്രശംസിക്കുകയും ചെയ്തിരുന്നു.
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് ടിവി പുരസ്കാരവും അനന്യ സ്വന്തമാക്കി. ഇതേ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്തപ്പോഴും അനന്യയുടെ കഥാപാത്രത്തിന് പകരം വെക്കാൻ വേറൊരാളില്ലാ എന്നതായിരുന്നു വാസ്തവം. ഇത് നമ്മുടെ കഥ എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായിട്ടാണ് അനന്യ എത്തിയത്.
തമിഴിലെ മറ്റൊരു ചിത്രമായ ‘എങ്കേയും എപ്പോതും’ ഗംഭീര വിജയമായിരുന്നു.ഈ സിനിമയിലെ അഭിനയത്തിലൂടെ തമിഴ് തെലുങ്ക് സിനിമാ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റാൻ അനന്യക്ക് സാധിച്ചു.ചിത്രത്തിലെ അമുദ എന്ന കഥാപാത്രം എന്നും പ്രേക്ഷകർക്കു പ്രിയപ്പെട്ടതാണ്.ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരത്തിനു അർഹയാകാനും സാധിച്ചു.
ബിസിനസുകാരനായ ആഞ്ജനേയനുമായി 2012 വിവാഹിതയായ അനന്യ വിവാഹ ശേഷവും ചില സിനിമകളിൽ അഭിനയിച്ചു.
പൃഥ്വിരാജ് സുകുമാരനും ഉണ്ണിമുകുന്ദനും പ്രധാന കഥാപാത്രമായി ഒന്നിച്ചെത്തുന്ന ‘ഭ്രമം’ എന്ന ചിത്രത്തിലൂടെ അനന്യ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. മമത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്ന ചിത്രത്തിൻറെ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്നത് രവി കെ ചന്ദ്രനാണ്.ശങ്കർ,സുരഭി ലക്ഷ്മി,സുധീർ കരമന,ജഗദിഷ്,റാഷി ഖന്ന തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
സീനിയേഴ്സ്, ഡോക്ടർ ലവ്, കുഞ്ഞളിയൻ, മാസ്റ്റേർസ്, ഡി കമ്പനി, നാടോടി മന്നൻ, മുല്ലമൊട്ടും മുന്തിരിച്ചാറും തുടങ്ങിയ ചിത്രങ്ങളിലൊക്കെ അനന്യ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.മോഹൻലാൽ ചിത്രമായ ശിക്കാറിലെ അഭിനയം അനന്യയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.മോഹൻലാലിൻറെ മകളായ ഗംഗ എന്ന കഥാപാത്രം ഏറെ ശ്രദ്ധയ്ക്കപ്പെട്ടിരുന്നു.കാണ്ഡഹാർ എന്ന മോഹൻലാൽ അമിതാഭ് ബച്ചൻ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.അഭിനയത്തിന് പുറമേ നൃത്തപരിപാടികളിലും താരം സജീവമായിരുന്നു.