ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കളങ്കാവലിന്റെ 2nd ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ ആണ് ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാനസംരംഭം. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ളൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പോസ്റ്ററിൽ ക്യാമറയിലേക്ക് നോക്കി വില്ലൻ ചിരി ചിരിക്കുന്ന മമ്മൂട്ടിയെയാണ് കാണിച്ചിരിക്കുന്നത്. ഏറെ നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി വീണ്ടും വില്ലൻവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കളങ്കാവൽ വിതരണം ചെയ്യുന്നത്. ജിതിൻ കെ ജോസിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിഷ്ണു ശ്രീകുമാറാണ്. മമ്മൂട്ടിയ്ക്കും, വിനായകനുമൊപ്പം ഗായത്രി അരുൺ, രജീഷ് വിജയൻ, ഗിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പ്രവീൺ പ്രഭാകർ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് മുജീദ് മജീദാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമായ കളങ്കാവൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രം ജൂലൈ 12 ന് റിലീസ് ചെയ്യും.