സില്‍ക്കിനെ കുറിച്ചുളള ധാരണ മാറ്റണമെന്ന്‌ മറാത്തി സംവിധായകന്‍


സില്‍ക്ക്‌ സ്‌മിത എന്ന മാദകസുന്ദരി മരിച്ചിട്ടും മായാതെ പ്രേക്ഷക മനസ്സുകളിലുണ്ട്‌. അതിന്റെ തെളിവാണ്‌ അവരെ കുറിച്ച്‌ ഹിന്ദിയിലും മലയാളത്തിലും കന്നഡയിലും സിനിമയിറങ്ങിയത്‌. എന്നാല്‍ ഇവയെല്ലാം താരത്തിന്റെ ജീവിതമെന്നു പറഞ്ഞതു മാത്രമാണോ സത്യം? സില്‍ക്കിന്റെ ജീവിതത്തിലെ നല്ലവശങ്ങളെയും ഉള്‍പ്പെടുത്തി ഒരു മറാത്തി സിനിമ വരുന്നു. പേജ്‌ 3, ട്രാഫിക്‌ സിഗ്നല്‍ എന്നീ ഹിന്ദി സിനിമകളുടെ സഹസംവിധായകനായിരുന്ന സമീര്‍ ഖാന്‍ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായിരിക്കുമിത്‌. സില്‍ക്ക്‌ സ്‌മിതയുടെ വശ്യത ഓര്‍മ്മകളില്‍ നഷ്‌ടപ്പെടുത്താത്ത പ്രേക്ഷകരോട്‌ മറ്റാരും പറയാത്ത ചില കാര്യങ്ങളാവും പുതിയ സിനിമ പറയുന്നത്‌. മറ്റു സിനിമകളൊന്നും താരത്തിന്റെ ജീവിതത്തിലേക്ക്‌ ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ മടിച്ചുവെന്നാണ്‌ സംവിധായകന്‍ പറയുന്നത്‌. സില്‍ക്കിനെ കുറിച്ചുളള തെറ്റിദ്ധാരണ മാറ്റുന്നതായിരിക്കും പുതിയ സിനിമയെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ നിര്‍മ്മിക്കാന്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍ അനുമതി നല്‍കിക്കഴിഞ്ഞു. ചിത്രം മറാത്തി ഭാഷയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ച്‌ ഏറ്റവും ബോള്‍ഡായ ഒന്നായിരിക്കുമെന്നാണ്‌ തിരക്കഥാകൃത്ത്‌ ഫൈസല്‍ സെയ്‌ഫ് പറയുന്നത്‌.