എനിക്ക് രണ്ടു മുഖമില്ല: ദിലീപ്


തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും തനിക്ക് രണ്ടു മുഖങ്ങൾ ഇല്ലെന്നും നടൻ ദിലീപ് പറഞ്ഞു. തന്നെ ഇവിടം വരെ എത്തിച്ചത് പ്രേക്ഷകർ ആണെന്നും അവർക്ക് തന്നെ നന്നായി അറിയാമെന്നും ദിലീപ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മ‌ഞ്ജു വാര്യരുമായുള്ള വിവാഹബന്ധം പിരിയുന്നതിന് സംയുക്ത വിവാഹമോചന ഹ‌ർജി നൽകിയ ശേഷം ഇതാദ്യമായാണ് ദിലീപ് പ്രതികരിക്കുന്നത്. വിവാഹ ബന്ധം പിരിയുന്നത് സംബന്ധിച്ച് മഞ്ജു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. ദിലീപിന് നന്മയും ഫേസ്ബുക്കിലൂടെ മഞ്ജു ആശംസിച്ചിരുന്നു.

മുന്പെടുത്ത തീരുമാനങ്ങളൊന്നും തെറ്റിപ്പോയിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നാത്തത് ‍ഞാൻ ചെയ്യില്ല. ഈശ്വരനിൽ മാത്രം വിശ്വസിച്ച് പോകുന്ന ഒരാളാണ് ഞാൻ. അതിനാൽ തന്നെ ഈശ്വരന് നിരക്കാത്തത് ഞാൻ ചെയ്യില്ല. എന്നെ ഇവിടം വരെ എത്തിച്ചതും എല്ലാം ഉണ്ടാക്കി തന്നതും പ്രേക്ഷകരാണ്. അവർ എന്നും കൂടെയുണ്ടാവുമെന്ന വിശ്വാസം എനിക്ക് നൂറ്റിയന്പത് ശതമാനവും ഉണ്ട്. ഒരിക്കലും തെറ്റായ കാര്യങ്ങൾ ഞാൻ ചെയ്യില്ല - ദിലീപ് പറഞ്ഞു.

ദിലീപ് നായകനായി ജോഷി സംവിധാനം ചെയ്യുന്ന അവതാരം എന്ന സിനിമ നാളെ റിലീസാവുകയാണ്. ലക്ഷ്മി മേനോനാണ് നായിക.