വ്യാജരേഖയുണ്ടാക്കി പണം പിന്‍വലിച്ചു: നടന്‍ ദിലീപിന്റെ സഹോദരനെതിരെ കേസ്


വ്യാജരേഖയുണ്ടാക്കി ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചെന്നാരോപിച്ച് ചലച്ചിത്രതാരം ദിലീപിന്റെ സഹോദരന്‍ അനൂപിനെതിരെ കേസെടുത്തു. സെന്‍ട്രല്‍ എക്‌സൈസസ് ആന്റ് കസ്റ്റംസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ദീലീപിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഇക്കാര്യം മറച്ചുവെച്ച് പണം പിന്‍വലിച്ചെന്നാണ് ആരോപണം. ഇതിനിടെ ദിലീവും സഹോദരന്‍ അനൂപും രണ്ടേകാല്‍ക്കോടി രൂപ സേവനനികുതി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്. ആറുമാസം മുമ്പായിരുന്നു ദീലീപിന്റെയും സഹോദരന്‍ അനൂപിന്റെയും വീടുകളിലും ഓഫീസുകളിലും സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് റെയ്ഡ് നടത്തിയത്. സേവന നികുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി അന്നേ കണ്ടെത്തിയിരുന്നു. ദിലീപിന്റെ വീട്ടില്‍ നിന്ന് നടത്തിയ റെയ്ഡിലാണ് ഇരുപത് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രസീത് കിട്ടിയത്. സഹോദരന്‍ അനൂപിന്റെ പേരില്‍ ആലവു പാറക്കടവ് സര്‍വീസ് സഹകരണ ബാങ്കിലായിരുന്നു നിക്ഷേപം. മഹസറില്‍ ഈ രസീതും പിടിച്ചെടുത്തതായി ചേര്‍ത്തിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ദീലീപിന്റെ സഹോദരന്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു. സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ കളഞ്ഞുപോയെന്നായിരുന്നു ബാങ്കില്‍ ധരിപ്പിച്ചത്. ഇവ കസ്റ്റംസ് പിടിച്ചെടുത്ത കാര്യം മറച്ചുവെച്ചു. ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി ബാങ്കിനെ സമീപിച്ചപ്പോഴാണ് പണം പിന്‍വലിച്ചകാര്യം അറിയുന്നത്. ഇതേത്തുടര്‍ന്നാണ് അനൂപിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ എക്‌സൈസ് അസി. കമ്മീഷണര്‍ ആലുവ റൂറല്‍ എസ്‌പിയ്ക്ക് പരാതി നല്‍കിയത്. ഇതിനിടെ ദിലീപും സഹോദരന്‍ അനുപും ഏകദേശം രണ്ടേകാല്‍ക്കോടി രൂപ സേവനികുതി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് കമ്മീഷണര്‍ രേഷ്മ ലഘാനിയുടേതാണ് ഉത്തരവ്.