മോഹന്‍ലാല്‍ പരാതി നല്‍കി


തന്റെ വെബ്‌സൈറ്റ്‌ ഹാക്ക്‌ ചെയ്ത സംഭവത്തില്‍ മോഹന്‍ലാല്‍ സംസ്ഥാന പോലീസ്‌ മേധാവിക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കി. ഇ-മെയില്‍ വഴിയാണ് ലാല്‍ പരാതി നല്‍കിയത്‌. പരാതി സ്വീകരിച്ച ഡി.ജി.പി സംഭവത്തെക്കുറിച്ച് ഗൗരവമായി അന്വേഷിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. സൈബര്‍ സെല്‍ എസ്പിയ്ക്കാണ് അന്വേഷണ ചുമതല. മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ദി കംപ്ലീറ്റ്‌ ആക്ടര്‍ ഡോട്ട് കോമിന്റെ ബ്ലോഗ്‌ വിഭാഗവും, ടെറിട്ടോറിയല്‍ ആര്‍മി എന്ന വിഭാഗവും പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ കഴിഞ്ഞദിവസം ഹാക്ക്‌ ചെയ്തിരുന്നു. ബ്ലോഗ് ഹാക്ക് ചെയ്ത ശേഷം പാക്കിസ്ഥാന്റെ പതാകയും കശ്മീരിനെ മോചിപ്പിക്കൂ എന്ന മുദ്രാവാക്യവും പോസ്റ്റ് ചെയ്തിരുന്നു. സൈബര്‍ വാരിയേഴ്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ്‌ ആണ് ഹാക്ക്‌ ചെയ്തത്.