ഇപ്പോള്‍ പ്രണയത്തെ കുറിച്ച് ചിന്തിക്കാനുള്ള മൂഡില്ല - ലെന


തന്റെ വിവാഹ ജീവിതം തകര്‍ന്നത് ഒരു ദുരന്തമല്ലെന്ന് പ്രശസ്ത സിനിമാ താരം ലെന. ചിന്താഗതി, താത്പര്യങ്ങള്‍, ഇഷ്ടങ്ങള്‍ എല്ലാം വ്യത്യസ്തമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്. ആ ഒരു പിരിയല്‍ ദുരന്തമായിരുന്നില്ല. ജീവിതത്തില്‍ ഇനിയും പ്രണയം സംഭവിച്ചേക്കാം. പക്ഷേ ഇപ്പോള്‍ പ്രണയത്തെ കുറിച്ച് ചിന്തിക്കാനുള്ള മൂഡില്ലെന്നും ലെന പറഞ്ഞു. പ്രശസ്ത തിരക്കഥാകൃത്തായ അഭിലാഷുമായുള്ള ബന്ധം ഉലഞ്ഞതിനെപ്പറ്റി സംസാരിക്കുകയായിരുന്നു ലെന.

കുട്ടികള്‍ വേണ്ടെന്ന് വിവാഹിതരാകുന്ന വേളയില്‍ തന്നെ തീരുമാനിച്ചതാണ്. സ്‌കൂള്‍തലം തൊട്ടു തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. അന്ന് അഭിലാഷിന് 13 വയസും തനിക്ക് 12 വയസുമായിരുന്നു. അന്നത്തെ പ്രായത്തില്‍ നിന്നും തങ്ങള്‍ രണ്ടു പേരും വളര്‍ന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ പിരിയണമെന്ന് തോന്നി.

കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യം ഉണ്ടായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്ക് ഫെര്‍ഫെക്ട് തന്നെയാകുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നത്. പക്ഷേ പ്രായത്തിന്റെ പക്വത വന്നപ്പോഴാണ് മനസിലായത് രണ്ടു പേരുടേയും വഴികള്‍ വ്യത്യസ്തമാണെന്ന്.