Untitled Document Back to Top

കേരളത്തില്‍ ചലച്ചിത്ര നിയന്ത്രണ അതോറിറ്റി രൂപീകരിക്കുന്നു .

ചലച്ചിത്രരംഗം പൂര്‍ണ്ണമായി പരിഷ്‌കരിയ്ക്കുക ലക്ഷ്യമിട്ട് കേരളത്തില്‍ ചലച്ചിത്ര നിയന്ത്രണ അതോറിറ്റി രൂപീകരിക്കുന്നു ഇതിന് കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറെ കണ്ടു. മലയാളസിനിമയുടെ മുഖച്ഛായ മാറ്റാനുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കും. ചലച്ചിത്രോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും പരാതികള്‍ തീര്‍ക്കാനും ഉപദേശകസമിതി രൂപവത്കരിക്കും. തിരുവനന്തപുരത്ത് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മിക്കാനും തീരുമാനിച്ചു. സൗകര്യങ്ങള്‍ അടിസ്ഥാനമാക്കി തീയേറ്ററുകള്‍ വര്‍ഗീകരിക്കാനും ഇ-ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. മലയാളസിനിമാ ശേഖരത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുന്നതിനായി 50 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു .

തെലുങ്ക് സിനിമയിലെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നിത്യ മേനോന്

തെലുങ്ക് സിനിമയിലെ മികച്ച നടിക്കുള്ള ഈ വർഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് നിത്യ മേനോന് ലഭിച്ചു. ഗുണ്ടേ ജാരി ഗല്ലന്തായിണ്ടേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിത്യയെ തേടി പുരസ്‌കാരമെത്തിയത്. മഹേഷ് ബാബുവാണ് മികച്ച നടന്‍. സീതമ്മ വക്കിട്‌ലോ സിരിമല്ലേ ചെട്ടു എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശബ്ദം പകര്‍ന്ന ചിത്രയാണ് മികച്ച ഗായിക.

നിലനില്‍ക്കാന്‍ ലാലേട്ടന്‍ സഹായിച്ചു

മലയാളത്തിലെ ഒരു പ്രമുഖ വാര്‍ത്ത‍ ചാനല്‍ നടത്തിയ ഗൂഗിള്‍ ഹാങ്ങ്‌ ഔട്ടില്‍ ശ്വേത മേനോന്‍ മനസ് തുറന്നു. നിരവധിപേര്‍ ഹാങ്ങ്‌ ഔട്ട്‌ ഇല്‍ പങ്കെടുത്തു. ലൈവ് ചാറ്റില്‍ ഒരു ആരാധകന് അറിയേണ്ടിയിരുന്നത് ഇനി എപ്പോഴാണ് ശ്വേത ലാലേട്ടന്റെ കൂടെ അഭിനയിക്കുക എന്നതായിരുന്നു. നല്ല കഥാപാത്രം വരട്ടേ, നല്ല അവസരം ലഭിക്കട്ടേയെന്നായിരുന്നു ശ്വേതയുടെ മറുപടി. അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും. നല്ല കഥാപാത്രമാണെങ്കില്‍ ലാലേട്ടന്റെ അമ്മയായും അമ്മൂമ്മയായും അഭിനയിക്കുമെന്നും ശ്വേത പറഞ്ഞു. പരദേശിയില്‍ അഭിനയിക്കുമ്പോള്‍ ലാലേട്ടനും കുഞ്ഞുമുഹമ്മദും പറഞ്ഞ വാക്കുകളാണ് തനിക്ക് പ്രോത്സാഹനമായതെന്നും ശ്വേത പറ‍ഞ്ഞു. ഫസ്റ്റ് എന്‍കറേജ്മെന്റ് ലാലേട്ടനില്‍ നിന്നായിരുന്നു. പരദേശിയിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റും ശ്വേത എന്നു പറഞ്ഞു ലാലേട്ടനും കുഞ്ഞുമുഹമ്മദ് സാറും നല്‍കിയ പ്രോത്സാഹനമാണ് ഒരു നായികയായി നിലനില്‍ക്കാന്‍ എന്നെ സഹായിച്ചത് - ശ്വേതാ മേോനോന്‍ പറഞ്ഞു.

അന്വശ്വരത്തില്‍ നിന്ന് പാലേരി മാണിക്യത്തിലേക്ക് എത്തിയപ്പോള്‍ മമ്മൂക്കയുടെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായതായി തോന്നിയോ എന്നായിരുന്നു മറ്റൊരു ആരാധകന്‍ ചോദിച്ചത്. മമ്മൂട്ടി കൂടുതല്‍ അപ്രോചബിള്‍ ആയി എന്നായിരുന്നു ശ്വേതയുടെ മറുപടി. അനശ്വരത്തിന്റെ സമയത്ത് എനിക്ക് മലയാളം അറിയുമായിരുന്നില്ല. അതുകൊണ്ട് അന്ന് എനിക്ക് ഒന്നും അറിയുമായിരുന്നില്ല. എനിക്ക് തോന്നുന്നു, പാലേരി സമയത്ത് മമ്മൂക്ക കുറച്ചുകൂടി സെല്‍ഫ് ബിലീവ് ആയ സ്ട്രോംഗ് പേഴ്സണ്‍ ആയി മാറി. മമ്മൂക്ക കൂടുതല്‍ അപ്രോച്ചബിളുമായി - ശ്വേത പറഞ്ഞു.

മോഹന്‍ലാലും മധുപാലും ഒന്നിക്കുന്നു

തലപ്പാവ്‌, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം മധുപാല്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു മുഴുനീള ഹാസ്യ ചിത്രം ചെയ്യാനൊരുങ്ങുന്നു. മധുപാല്‍ ചിത്രത്തില്‍ തികച്ചും പുതിയ ലുക്കിലാവും മോഹന്‍ലാല്‍ എത്തുക. സെപ്‌തംബറില്‍ ഷൂട്ട്‌ ആരംഭിക്കുമെന്നാണ്‌ ലഭിക്കുന്ന വിവരം. പാലക്കാട്‌ ആയിരിക്കും പ്രധാന ലൊക്കേഷന്‍. മോഹന്‍ലാലിന്റെ ഡേറ്റ്‌ പ്രശ്‌നം മൂലം നീണ്ടു പോവുകയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്‌. ജോഷിയുടെ പുതിയ ചിത്രം ലൈല ഓ ലൈല ക്കു ശേഷം മോഹന്‍ലാല്‍ മധുപാല്‍ ചിത്രത്തിനായി സമയം നീക്കിവയ്‌ക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ നായകനാവുന്ന സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാവാത്തതും മധുപാല്‍ ചിത്രത്തിന്‌ തുണയായി.

ഫിലിം ഫെയര്‍ അവാര്‍ഡ്: ദൃശ്യം മികച്ച സിനിമ, നടന്‍ ഫഹദ് ഫാസില്‍, നടി ആന്‍ അഗസ്റ്റില്‍

61മത് സൗത്ത് ഇന്ത്യന്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യമാണ് മികച്ച മലയാള ചിത്രം. 24 നോര്‍ത്ത് കാതം എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ്ഫാസില്‍ മികച്ച നടനായി. മികച്ച സംവിധായകനായി ശ്യാമ പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു ചിത്രം ആര്‍ടിസ്റ്റ്. മികച്ച നടിയായി ആര്‍ടിസ്റ്റിലെ അഭിനയത്തിന് ആന്‍ അഗസ്റ്റിന്‍ അര്‍ഹമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ മുരളി ഗോപി മികച്ച സഹനടനായി. ദൃശ്യത്തിലെ പ്രകടനത്തിന് ആശാ ശരത് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു. സെല്ലുലോയിഡിലെ ഗാനങ്ങള്‍ ഒരുക്കിയ ജയചന്ദ്രനാണ് മികച്ച സംഗീത സംവിധായകന്‍. ജയഭാരതിയെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.

പഞ്ചാബി ഹൗസിൻറെ രണ്ടാം ഭാഗം വരുന്നു

ദിലീപ് നായകനായ മെഗാഹിറ്റ്‌ സിനിമകളിൽ ഒന്നായ പഞ്ചാബി ഹൗസിൻറെ രണ്ടാം ഭാഗം വരുന്നു. റാഫി മെക്കാർട്ടിൻ ആയിരുന്നു 1998 ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരുന്നത്. കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, ജനാര്‍ദ്ദനന്‍, ഇന്ദ്രന്‍സ് എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച കോമഡി രംഗങ്ങള്‍ ഒരുപാടുള്ള സിനിമയായിരുന്നു പഞ്ചാബി ഹൗസ്. ചിത്രത്തിലെ പാട്ടുകളെല്ലാം ഏറെ ജനശ്രദ്ധ നേടിയവയാണ്. ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിത് രാഘവനാണ്. വൈശാഖ് രാജൻ നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥയെഴുതുന്നത് റാഫി മെക്കാർട്ടിനാണ്. റാഫി മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി രണ്ടു കഥകൾ പറഞ്ഞപ്പോൾ അതിൽ ഒന്ന് ദിലീപ് നിശ്ചയിക്കുകയായിരുന്നു. ചിത്രത്തിന് പഞ്ചാബി ഹൗസ് 2 എന്നാണ് പേര് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20