Untitled Document Back to Top

മാതു ഇപ്പോള്‍ അവിടെയാണ്

അമരത്തിലൂടെ മലയാളത്തില്‍ എത്തി, ഒരു കാലത്ത് മലയാളത്തിൽ നായികയായി തിളങ്ങി നിന്ന മാതു ഇപ്പോൾ പൂര്‍ണമായും വെള്ളിവെളിച്ചത്തില്‍നിന്ന് അകന്നാണ് കഴിയുന്നത്. അമേരിക്കയിൽ ഡോക്ടറായ ഭര്‍ത്താവിനൊപ്പം കുടുംബിനിയായും ഡാൻസ് ടീച്ചറായും കഴിയുകയാണ് മാതു. അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന ഒരുക്കിയ വേദിയിലാണ് അമേരിക്കയിലേക്ക് കുടിയേറിയ അഞ്ചു നായികമാര്‍ ഒന്നിച്ചത്. അംബിക, മാതു, ദിവ്യാ ഉണ്ണി, സുവര്‍ണാ മാത്യു, മന്യ എന്നിവരാണ് ഫൊക്കാന വേദിയില്‍ അംഗങ്ങളെ പഴയ കാലഘട്ടത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയത്. ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള വൈസ് പ്രസിഡന്റ് ജോയ് ചെമ്മാച്ചല്‍, തിരക്കഥാകൃത്തും സംവിധായകനുമായ ജയന്‍ മുളംകോട്, പോള്‍ കറുകാപ്പള്ളി എന്നിവരുടെ ശ്രമഫലമായാണ് നായികമാരെ വേദിയില്‍ എത്തിച്ചത്. മുന്‍ മന്ത്രി ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തി. സിനിമ വിട്ട് അമേരിക്കയില്‍ ഡാന്‍സ് ടീച്ചറായി ഒതുങ്ങി കഴിയുന്ന തന്നെ മലയാളികള്‍ ഓര്‍ക്കുകയും ചടങ്ങില്‍വച്ചു ആദരിക്കുകയും ചെയ്തതില്‍ മാതു നന്ദി രേഖപ്പെടുത്തി.

വിവാഹ മോചനശേഷം...

നടന്‍ ദിലീപിനെതിരേ സോഷ്യല്‍ മീഡിയയില്‍ വീണ്ടും അപവാദ പ്രചരണം. ദിലീപിനെയും നടി കാവ്യാമാധവനേയും ചേര്‍ത്താണ് ഇക്കുറിയും അപവാദ പ്രചരണം നടക്കുന്നത്. വിവാഹമോചനം ലഭിക്കുന്ന മുറയ്ക്ക് അടുത്ത വര്‍ഷം ഇരുവരും വിവാഹിതരാകുമെന്നാണ് ഗോസിപ്പുകാര്‍ പ്രചരിപ്പിക്കുന്നത്. മഞ്ജു വാര്യരില്‍നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി എറണാകുളം കുടുംബ കോടതി പരിഗണിക്കാനിരിക്കെയാണ് ദിലീപ്- കാവ്യാ വിവാഹ വാര്‍ത്തകള്‍ വീണ്ടും ശക്തമാകുന്നത്.

വിവാഹ മോചനം അനുവദിച്ചു കിട്ടുകയും ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന മൂന്നു സിനിമകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ദിലീപും കാവ്യയും വിവാഹിതരാകുമെന്നാണ് ഗോസിപ്പുകാര്‍ പറയുന്നത്. ബോബന്‍ സാമുവലിന്റെ ചിത്രവും ജോഷിയുടെ രണ്ടു ചിത്രങ്ങളുമാണ് ദിലീപ് ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഒന്ന് സൂപ്പര്‍ഹിറ്റായ റണ്‍വേയുടെ രണ്ടാം ഭാഗമാണ്. ഇതില്‍ കാവ്യാ മാധവനും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാളയാര്‍ പരമശിവം എന്നാണ് ചിത്രത്തിന്റെ പേര്.

നവംബറിലാകും വാളയാര്‍ പരമശിവത്തിന്റെ ചിത്രീകരണം തുടങ്ങുക. ചിത്രത്തിന്റെ കഥ ഉദയകൃഷ്ണയും സിബി കെ തോമസും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തിരക്കഥാരചന ഉടന്‍ ആരംഭിക്കും. കോമഡിയും ആക്ഷനും കൂട്ടിക്കലര്‍ത്തിയാണ് ജോഷി വാളയാര്‍ പരമശിവം ഒരുക്കുന്നത്. വാളയാര്‍ പരമശിവത്തിലും കാവ്യ നായികയാകുമെന്നാണ് സൂചനകള്‍. ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ദിലീപ് പുതിയ ജീവിതത്തിലേക്ക് കടക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്.

സിനിമാ രംഗത്തുതന്നെയുള്ള ചിലരാണ് ദിലീപിനെയും കാവ്യയേയും ചേര്‍ത്തു ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സൂചനകള്‍. മഞ്ജു വാര്യരുടെ ആരാധകര്‍ നേരത്തേ ദിലീപിനെതിരേ എറണാകുളം കുടുംബ കോടതിയിലേക്ക് കത്തെഴുതിയത് വാര്‍ത്തയായിരുന്നു. ഏതാനും മാസം മുന്‍പ് ദിലീപിന്റേതെന്ന പേരില്‍ പ്രചരിച്ച ട്വിറ്റര്‍ അക്കൗണ്ടില്‍ കാവ്യയുമായുള്ള വിവാഹം സ്ഥിരീകരിച്ചതായി പ്രചരിച്ചിരുന്നു.

എന്നാല്‍ തനിക്ക് ട്വിറ്ററില്‍ അക്കൗണ്ടില്ലെന്ന് ദിലീപ് വ്യക്തമാക്കിയതോടെ അഭ്യൂഹത്തിന് തിരശീല വീണത്. കാവ്യയുടെ പിതാവും തല്‍ക്കാലം മകളുടെ വിവാഹം നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. നവാഗതനായ സുധീഷ് ശങ്കര്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്. ആദ്യം ബുദ്ധേട്ടന്‍ എന്നു പേരിട്ടിരുന്ന ചിത്രത്തിന്റെ പേര് പിന്നീട് വില്ലാളി വീരന്‍ എന്നു പരിഷ്‌കരിച്ചിരുന്നു.

ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരുടെ മതവികാരം വ്രണപ്പെടാന്‍ പേര് കാരണമായെങ്കിലോ എന്ന് കരുതിയാല്‍ ബുദ്ധേട്ടന്‍ എന്ന പേര് മാറ്റി വില്ലാളിവീരന്‍ എന്നാക്കിയതെന്ന് അണിയറക്കാര്‍ പറയുന്നു. നാട്ടിന്‍പുറത്ത് നടക്കുന്നകഥയാണ് വില്ലാളിവീരന്റെ ഇതിവൃത്തം. നര്‍മ്മത്തിന്റെ മേമ്പൊടിയിട്ടാണ് ഈ ചിത്രമൊരുക്കുന്നത്. സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. നമിത പ്രമോദും മൈഥിലിയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. രണ്ട് നായികമാരും ദിലീപിനൊപ്പം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

നടി ശ്രീജ രഹസ്യമായി വിവാഹിതയായി

നടി ശ്രീജ രഹസ്യമായി വിവാഹിതയായതായി റിപ്പോര്‍ട്ട്. ജനപ്രിയ തമിഴ് സീരിയലായ ശരവണനും മീനാക്ഷിയും എന്ന സീരിയലില്‍ ശ്രീജയുടെ നായകനായി എത്തിയ സെന്തിലാണ് ശ്രീജ യ്ക്ക് വരാനായെത്തിയതെന്നാണ് റിപ്പോർട്ട് . തിരുപ്പതിയില്‍ വെച്ചായിരുന്നു വിവാഹം. രഹസ്യമായി നടത്തിയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.മലയാളിയായ ശ്രീജ തിരുവനന്തപുരം സ്വദേശിയാണ്. ഇതും സീരിയലിലെ തന്നെ ഏതെങ്കിലും രംഗത്തില്‍ നിന്നുള്ളതാണോ എന്ന കണ്‍ഫ്യൂഷനിലാണ് ആരാധകര്‍. ടെലിവിഷനിലെ ഇരുവരുടെയും കെമിസ്ട്രി കണ്ട് പലരും യഥാര്‍ത്ഥത്തില്‍ ഭാര്യയും ഭര്‍ത്താവുമാണെന്നാണ് തെറ്റിദ്ധരിച്ചിരുന്നു.സഹോദരന്‍ സഹദേവന്‍, പകല്‍ എന്നീ സിനിമകളില്‍ അഭിനയിച്ച ശ്രീജ ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായതോടെ സിനിമാരംഗം ഉപേക്ഷിക്കുകയായിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമം ആണ് ഇതു സംബന്ധിച്ച വാര്‍ത്ത‍ പുറത്തുവിട്ടത്.

പ്രഭുദേവയെ മറക്കാതെ നയന്‍സ്

പ്രഭുദേവയുമായി പ്രണയത്തിലായിരുന്ന കാലത്ത് നയന്‍താര കയ്യില്‍ പ്രഭു എന്ന് പച്ചകുത്തിയത് ഇതുവരെ മാഞ്ഞില്ല. അമരകാവ്യം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിന് നയന്‍സ് എത്തിയപ്പോഴാണ് പച്ചകുത്തിയത് ഫോട്ടോഗ്രാഫര്‍മാര്‍ ഒപ്പിയെടുത്തത്. മുമ്പ് നയന്‍താര പച്ചകുത്തിയത് മാറ്റാന്‍ ഓപ്പറേഷന്‍ നടത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇടത് കൈകത്തണ്ടയിലാണ് ടാറ്റു കുത്തിയിരിക്കുകന്നത്. ആര്യ നിര്‍മിച്ച് ആര്യയുടെ അനുജന്‍ സത്യ നായകനാകുന്ന അമരകാവ്യത്തില്‍ മിയ ജോര്‍ജാണ് നായിക. പ്രഭുദേവയുമായുളള ബന്ധം ഉപേക്ഷിച്ച നയന്‍താര വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. ഈ വര്‍ഷം എട്ട് ചിത്രങ്ങളാണ് താരത്തിനുള്ളത്. ഇത് കതിര്‍വേലനിന്‍ കാതല്‍ തമിഴ്‌നാട്ടില്‍ വിജയമായിരുന്നു. അനാമിക എന്ന തെലുങ്ക് ചിത്രം ഹിറ്റായിരുന്നു. അതിന്റെ തമിഴ് പതിപ്പായ നീ എങ്കെ എന്‍ അന്‍പേയും ശ്രദ്ധനേടി. മുന്‍ കാമുകന്‍ ശിമ്പുവിന്റെ നായികയായി അഭിനയിക്കുന്ന ഇത് നമ്മ ആളു ചിത്രീകരണം പുരോഗമിക്കുന്നു. ജയംരവിയുടെ നായികയാകുന്ന തനി ഒരുവന്‍ താമസിക്കാതെ ചിത്രീകരണം തുടങ്ങും. ഉദയനിധി സ്റ്റാലിന്റെ നായികയായി വീണ്ടും അഭിനയിക്കുന്ന നാന്‍വേന്ദയാണ് മറ്റൊരു ചിത്രം. നസ്‌റിയയെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ അവര്‍ അഭിനയിക്കാന്‍ തയ്യാറായില്ല. അത് കഴിഞ്ഞ് വെങ്കിട് പ്രഭുവിന്റെ കല്യാണരാമന്‍, ആടുംകൂത്ത് ഫെയിം ആരി നായകനാകുന്ന നൈറ്റ് ഷോ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

ഭാവനയെ കെട്ടില്ല എന്നു അനൂപ്‌ മേനോന്‍

ഭാവനയുമായി പ്രണയത്തിലല്ലെന്നും അവളെ ഞാന്‍ കെട്ടില്ലെന്നും ഞങ്ങള്‍ തമ്മിലുള്ളത് നല്ലൊരു സൗഹൃദമാണെന്നും നടന്‍ അനൂപ് മേനോന്‍. ഭാവന അടുത്ത വർഷം വിവാഹിതയാകുമെന്നും എന്നാൽ അത് വേറൊരാളെയാണെന്നും അനുപ് മേനോൻ പറഞ്ഞു.കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണു അനൂപ് മേനോൻ നിലപാട് വ്യക്തമാക്കിയത്. തന്റെ വിവാഹം തീരുമാനിച്ചാല്‍ ഉറപ്പായും എല്ലാവരെയും അറിയിക്കും. സമീപഭാവിയില്‍ വിവാഹം ഉണ്ടാവുമോയെന്ന് പറയാനാവില്ലെന്നും എന്തു വേണമെങ്കിലും സംഭവിക്കാം. ചിലപ്പോള്‍ ഈ വര്‍ഷം അല്ലെങ്കില്‍ അഞ്ചു വര്‍ഷം കഴിഞ്ഞാവാം. സിനിമാ രംഗത്ത് നിന്ന് തന്നെ വിവാഹം കഴിക്കണം എന്ന വാശിയൊന്നുമില്ലെന്നും അനൂപ് മേനോൻ പറഞ്ഞു.

മമ്മൂട്ടി അച്ഛനെപ്പോലെ

ഒരിടവേളയ്‌ക്ക്‌ ശേഷം ഉണ്ണിമുകുന്ദന്‍ വാര്‍ത്തകളില്‍ വീണ്ടും നിറയുന്നു. ഇത്തവണ മമ്മൂട്ടിയെ പുകഴ്‌ത്തിക്കൊണ്ടുള്ള കമന്റുമായിട്ടാണ്‌ ഉണ്ണി മുകുന്ദന്‍ വന്നിരിക്കുന്നത്‌. മമ്മൂട്ടി തനിക്ക്‌ അച്ഛനെപ്പോലെയാണെന്നാണ്‌ ഉണ്ണി മുകുന്ദന്‍ പറയുന്നത്‌.

മമ്മൂട്ടി നായകനാകുന്ന രാജാധി രാജന്‍ എന്ന ചിത്രത്തില്‍ അതിഥി താരമായി എത്തിയതിന്റെ ആവേശത്തിലാണ്‌ ഉണ്ണി മുകുന്ദന്റെ ഈ കമന്റ്‌. അതിഥി വേഷത്തിലാണെങ്കിലും മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഉണ്ണി മുകുന്ദന്‍ ഏറെ സന്തോഷത്തിലുമാണ്‌. മമ്മൂട്ടിയെ താന്‍ പിതൃ തുല്യനായാണ്‌ കാണുന്നത്‌. അതുകൊണ്ടാണ്‌ അതിഥി വേഷത്തില്‍ അഭിനയിക്കുന്നത്‌.

ചിത്രത്തില്‍ ഒരു ഗാന രംഗത്തിലാണ്‌ ഉണ്ണി മുകുന്ദന്‍ എത്തുന്നത്‌.

കുറച്ചു നാള്‍ മുമ്പ്‌ ഉണ്ണി മുകുന്ദന്‌ അഭിനയിക്കാനറിയില്ലെന്ന്‌ കളിയാക്കിയ സംവിധായകന്‍ മേജര്‍ രവിയെ ഉണ്ണി പൊക്കിയെടുത്തെറിഞ്ഞത്‌ ഏറെ വിവാദമായിരുന്നു.

 
1
 
2
 
3
 
4
 
5
 
6
 
7